തൃശൂര്‍: പി.വി അന്‍വര്‍ ചേലക്കരയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ചട്ടലംഘനമാണെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമീഷന്‍. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്‍വറിന് നോട്ടീസ് നല്‍കി. വിഷയത്തില്‍, അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ പി.വി അന്‍വറിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. എന്നാല്‍, ഇത് വകവെക്കാതെ അന്‍വര്‍ വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു.എന്നാല്‍, ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് പി.വി അന്‍വര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പൊലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എം.എല്‍.എ. മാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എ.യും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്.
ഇവരെല്ലാരുംകൂടെ വായ്പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ലെന്നും അന്‍വര്‍ പറഞ്ഞു.
25 ലക്ഷം ചെറുതുരുത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്, മുഹമ്മദ് റിയാസല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിതെന്നും അന്‍വര്‍ ചോദിച്ചു.
