ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി എന്ന 24കാരനാണ് മരിച്ചത്. തേക്കിന് കൂപ്പില് പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുള്ളരിങ്ങാടില്‍ ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരാണ് അമര്‍ ഇലാഹിയും കുടുംബവും. തേക്കിന് കൂപ്പില് പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വളരെ നാളുകളായി മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ട്. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നതും വിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. പലപ്പോഴും ജനങ്ങള്‍ രാത്രികാലങ്ങളില്‍ വന്യമൃഗ ശല്യം ഭയന്ന് പുറത്തിറങ്ങാറില്ല. കൃഷി ഇറക്കാനും ജനങ്ങള്‍ക്ക് ഭയമാണ്. കാട്ടാന മാത്രമല്ല, കാട്ടുപന്നിയും കുരങ്ങനും നാട്ടുകാര്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. നേര്യമംഗലം വനമേഖലയില്‍ നിന്നാണ് കാട്ടാനകള്‍ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

