കണ്ണൂര്‍: ആത്മകഥാ വിവാദത്തോട് പ്രതികരിച്ച് മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍.
‘ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി വ്യക്തമാക്കി.വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
‘തെരഞ്ഞെടുപ്പ് ദിനം പുറത്തുവന്നിട്ടുള്ള ഒരു കാര്യവും ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങളാണ് ഇന്ന് വാര്‍ത്തയായി കാണുന്നത്. തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരായി വാര്‍ത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂര്‍വം ചെയ്തതാണ് ഇത്. എന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ കാര്യം മനസ്സിലാകും.
കട്ടന്‍ചായയും പരിപ്പുവടയും എന്നാണ് തലക്കെട്ടെന്ന് പറയുന്നു. ഞാന്‍ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ എന്നും ഇ.ടി ചോദിച്ചു.
എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.
‘ഡി.സി ബുക്‌സിന്റെ സൈറ്റില്‍ പുസ്തകത്തെപ്പറ്റിയുള്ള കാര്യം എങ്ങിനെ വന്നു എന്ന് അറിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഡി.സി.യുമായി ഒരു കരാറുമില്ല. ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് എങ്ങിനെ കോപ്പി ലഭിച്ചു. ഡി.സി. എങ്ങിനെയാണ് കൊടുത്തത് എന്ന് അറിയില്ല. ഞാന്‍ അവരുമായി ബന്ധപ്പെട്ടപ്പോള്‍ അന്വേഷിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. കൃത്യമായ മറുപടി അവര്‍ തന്നില്ല’, ഇ.പി. ജയരാജന്‍ പറഞ്ഞു.

