ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്‌സിന് ; പ്രസാധകര്‍ പാലിക്കേണ്ട മര്യാദ കാണിച്ചില്ല : ഇ.പി.ജയരാജന്‍

കണ്ണൂര്‍: ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. താന്‍ ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ലെന്നും ഇ.പി പറഞ്ഞു.

വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. എഡിറ്റ് ചെയ്യാന്‍ ഏല്‍പിച്ച മാധ്യമപ്രവര്‍ത്തകന്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആത്മകഥ ചോര്‍ന്നതിന് ഉത്തരവാദിത്തം ഡി.സി ബുക്സിനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.

‘പുസ്തകത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. സാധാരണ പ്രസാധകര്‍ പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതില്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഞാനെഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവാര്‍ത്ത ഡി.സി ബുക്സിന്റെ ഫേസ്ബുക്ക് പേജില്‍ ഞാന്‍ അറിയാതെ വന്നത് എങ്ങനെയാണ്? ആത്മകഥയുടെ പി.ഡി.എഫ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുക എന്നത് സാധാരണഗതിയില്‍ ഒരു പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പുസ്തകത്തിന്റെ പി.ഡി.എഫ് പ്രചരിച്ചാല്‍ അത് വില്‍പനയെ ബാധിക്കില്ലേ? പ്രസാധക സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും നടപടി സ്വീകരിക്കുമോ? തികച്ചും ആസൂത്രിതമാണത് ഇ.പി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ രാവിലെ തന്നെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി വാര്‍ത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ സാധാരണ ?ഗതിയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ. അതില്‍ ആസൂത്രണമുണ്ട്. ഇവര്‍ എന്ത് അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *