കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണ സംഘം ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. കൂടുതല്‍ പേരെ പ്രതിചേര്‍ക്കണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ വിവാദമായ ആത്മകഥാ വിവാദ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്.
കരാര്‍ ഇല്ലാതെയും, ഇ.പി ജയരാജന്റെ അനുമതി ഇല്ലാതെയുമാണ് ഡിസി ബുക്സ് ആത്മകഥയെക്കുറിച്ച് പ്രചരണം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡിജിപിക്ക് നല്കിയ പൊലീസ് റിപ്പോര്‍ട്ട്. ഇ പി ജയരാജനും ഡി സി ബുക്സും തമ്മില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ രേഖാമൂലമുള്ള കരാര്‍ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.