തലശ്ശേരി: വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് (52) തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി. 19 വയസ്സുള്ള മകന്‍ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സില്‍ജ വിദേശത്തായതിനാല്‍ സജിയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
2020 ഓഗസ്റ്റ് 15-ന് വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.ഓഗസ്റ്റ് 14-ന് പ്രതി വീട്ടില്‍നിന്ന് നാടന്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്തര്‍ക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച് പ്രതി പണം തീര്‍ക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാന്‍ തുടങ്ങിയതും വിരോധത്തിന് കാരണമായി.
കുത്തേറ്റ ഷാരോണ്‍ മുറ്റത്ത് വീണു. ബഹളം കേട്ട് പ്രതിയുടെ അനുജന്‍ ഓടിവന്നു. പ്രതി അപ്പോള്‍ കുത്തിയ കത്തി കഴുകി. ബൈക്കെടുത്ത് പുറത്തേക്ക് പോകുന്നതിനിടയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞു.
പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ ആ തുകയും പ്രതിയുടെ ബൈക്ക് വില്‍പന നടത്തി ലഭിക്കുന്ന തുകയും ഷാരോണിന്റെ മാതാവിന് നല്‍കണം. ഒപ്പം മാതാവിനും സഹോദരനും ഉചിതമായ നഷ്ടപരിഹാരം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി മുഖാന്തരം ലഭ്യമാക്കാനും കോടതി നിര്‍ദേശം നല്‍കി.
‘പപ്പ എന്തിനാ എന്നെ കുത്തിയത്’ -പിതാവിന്റെ കുത്തേറ്റ ഷാരോണിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അനുജന്‍ ഷാര്‍ലറ്റിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഷാരോണ്‍. ഷാര്‍ലറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും.
