ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ളവരുടെ പേര് പുറത്തുവിടണം; ‘ഫെഫ്ക’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക പറയുന്നു. ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *