കൊച്ചി : പുതുവര്‍ഷത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി.ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതിയുടെ അനുമതി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തില്‍ സുരക്ഷാ വേലി വേണമെന്നാണ് പ്രധാന നിര്‍ദേശം. നാല്‍പത് അടിയിലാണ് നിലവില്‍ സുരക്ഷാ വേലി ഒരുക്കിയിരിക്കുന്നത്. ഇത് 72 അടി ആക്കി മാറ്റാനാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
നേരത്തെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ച് വെളി ഗ്രൗണ്ടില്‍ ഗാലാഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അനുമതി നല്‍കാതിരുന്നത്.ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.
