മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ്; നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പു സംഘം

തിരുവനന്തപുരം: മലയാള സിനിമ നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പുസംഘം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പു സംഘം മാലാ പാര്‍വതിയെ ഫോണ്‍ ചെയ്തത്.

മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഒരു മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി. വ്യാജ ഐ.ഡി. കാര്‍ഡ് അടക്കം കൈമാറി. പെട്ടെന്ന് തന്നെ തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും മാലാ പാര്‍വതി പറഞ്ഞു.72 മണിക്കൂര്‍ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവര്‍ പറഞ്ഞതെന്നും മാലാ പാര്‍വതി പറഞ്ഞു.

മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മാലാ പാര്‍വതിക്ക് കോള്‍ വന്നത്. രാവിലെ 10 മണിയോടെയായിരുന്നു കോള്‍ വരുന്നത്. കൊറിയര്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നായിരുന്നു കോളില്‍ പറഞ്ഞത്. വിക്രം സിങ് എന്ന ആളാണ് സംസാരിച്ചത്. എന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ലാപ്‌ടോപ്പ്, 200 ഗ്രാം എം.ഡി.എം.എ. തുടങ്ങിയവയായിരുന്നു പാക്കേജില്‍ ഉണ്ടായിരുന്നതെന്നാണ് അവര്‍ പറഞ്ഞത്. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാന്‍ ഐ.ഡി. കാര്‍ഡ് അടക്കം അവര്‍ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവില്‍ ഇരുത്തുകയായിരുന്നു. സംഭവത്തില്‍ ബോംബെയില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞതായി മാലാ പാര്‍വതി പറഞ്ഞു.

ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐ.ഡി. കാര്‍ഡ് ഗൂഗിളില്‍ പരിശോധിച്ചു. ഐ.ഡി. കാര്‍ഡില്‍ അശോകസ്തംഭം കാണാത്തതിനാല്‍ സംശയം തോന്നി. ട്രാപ്പ് ആണെന്ന് മാനേജര്‍ അപ്പോള്‍ തന്നെ പറയുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയില്‍ ഫോണ്‍ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവര്‍ കോള്‍ കട്ടാക്കി പോയെന്നും മാല പാര്‍വതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *