സമാധിയിരുത്തിയ സംഭവം ;കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആറാലുംമൂട് സ്വദേശി ഗോപന്‍ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിര്‍മ്മിച്ച കല്ലറ ഇന്ന് പൊളിച്ച് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക.

ഗോപന്‍സ്വാമിയെ മക്കള്‍ സമാധിയിരുത്തി അടക്കിയ കോണ്‍ക്രീറ്റ് അറയാണ് പോലീസ് ഇന്ന് പൊളിക്കുന്നത് .ഗോപന്‍സ്വാമിയുടെ മരണത്തെത്തുടര്‍ന്ന് സിദ്ധന്‍ ഭവന്‍ ദുരൂഹതയുടെ കേന്ദ്രമായി നില്‍ക്കുകയാണ്. ഗോപന്‍സ്വാമിയെ ജീവനോടെയാണോ സമാധിയിരുത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്.

സംസ്‌കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്‍ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏര്‍പ്പെടുത്തി.

മണിയന്‍ എന്ന ഗോപന്‍സ്വാമി(69) സമാധിയായതിനെത്തുടര്‍ന്ന് പദ്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *