ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി ;മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമികനിഗമനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധി’യായെന്ന് അവകാശപ്പെട്ട് കല്ലറയില്‍ മൂടിയ ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.

ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. ഇന്നലെ രാത്രി സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു.

ഇന്ന് രാവിലെ സ്ലാബ് പൊളിച്ചുമാറ്റിയപ്പോള്‍ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *