തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ‘സമാധി’ പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ചു. സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണിത്. ഇവരെ ചര്‍ച്ചയ്ക്കായി സബ് കളക്ടര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. സമാധിയില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ നാട്ടുകാരേയും ചര്‍ച്ചയ്ക്ക് വിളിച്ചു.
കല്ലറ പൊളിക്കാന്‍ തീരുമാനമായതോടെ നാട്ടുകാരും ഹൈന്ദവ സംഘടന പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടെ കണക്കിലെടുത്താണ് പോലീസിന്റെ നടപടി.
ഗോപന്‍ സ്വാമിയെ അടക്കിയിരിക്കുന്നത് കല്ലറയല്ലെന്നും സമാധിമണ്ഡപമാണെന്നുമാണ് കുടുംബത്തിന്റേയും സമുദായ സംഘടനകളുടേയും അവകാശവാദം. അത് തകര്‍ക്കാന്‍ അനുവദിക്കില്ല. മതവും വിശ്വാസവും ആചാരങ്ങളും നടത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും കുടുംബവും സമുദായസംഘടനകളും പറയുന്നു.
