ഡല്‍ഹി: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ‘അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന സ്ഥിതിയാണ് കാണാന്‍ സാധിച്ചതെന്ന് ഗോവിന്ദന് പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് അന്‍വര്‍ ചെയ്തിട്ടുള്ളതെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ പിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ ജയിച്ചതിന് ശേഷം ഏതെല്ലാം കാര്യങ്ങളാണോ പറഞ്ഞത് അതിനെല്ലാം എതിരാണ് പ്രവര്‍ത്തിക്കുന്നത്. അന്‍വര്‍ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കെ കരുണാകരന് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അങ്ങോട്ട് പോയി. പിന്നീട് കരുണാകരന് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയപ്പോള്‍ അന്‍വര്‍ പോയില്ല. പിന്നീട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് എംഎല്‍എയായി. അതിന് മുമ്പ് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിപിഐഎം അംഗമാവാന്‍ അദ്ദേഹത്തിന് ഇതുവരെയും സാധിച്ചില്ല. മറ്റ് സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടില്ല. സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ്. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട വേദികളില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനാരീതിയെ കുറിച്ചോ നയങ്ങളെക്കുറിച്ചോ ധാരണയില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവര്‍ക്കും നേതാക്കള്‍ക്കും നിരവധി ആരോപണങ്ങള്‍ പലഘട്ടത്തിലും നേരിട്ടിട്ടുണ്ട്. കോടിയേരിക്കെതിരെയും എനിക്കെതിരെയും അന്‍വര്‍ രംഗത്തെത്തി. അധിക്ഷേപങ്ങള്‍ വന്നില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. ശരിയായ ദിശാബോധത്തോടെ പാര്‍ട്ടിയെ നയിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയാലും സാധിക്കില്ല’, സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
