ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അറിയിച്ചു. ലെബനീസ് തലസ്ഥാനമായ ബയ്‌റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേല്‍ ആക്രമിച്ചത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഹസ്സന്‍ നസ്രള്ളയുടെ മകള്‍ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേലി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹിസ്ബുള്ളയില്‍ നിന്നോ ലെബനീസ് അധികൃതരില്‍ നിന്നോ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
