കോഴിക്കോട്:ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് വീണ്ടും മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പ്പൊട്ടിയതിന് തൊട്ടുമുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം അറിയിച്ചത്. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായതിന് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് വരുന്ന ചിത്രങ്ങള്‍ നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്.
ടൗണിലെ വെള്ളം കുറയുകയും പുഴയിലെ വെള്ളം കുറയുകയും ചെയ്തെങ്കിലും ഉരുള്‍പ്പൊട്ടലുണ്ടായെന്ന ഉറപ്പിലാണ് നാട്ടുകാര്‍. നേരത്തെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
