തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി. എസ്.ഐ.ടി തലവനും ക്രൈബ്രാഞ്ച് മേധാവിയുമായ എച്ച്. വെങ്കിടേഷിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. തുടര്‍നടപടിക്കായി എസ്.ഐ.ടി ഇന്ന് പൊലീസ് ആസ്ഥാനത്ത് യോഗം ചേരും. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്കാന് നേരത്തെ ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനുശേഷമേ കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കൂ. വിഷയം ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പുറത്തുവന്ന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നല്‍കിയതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പൂര്‍ണരൂപത്തിലുള്ള റിപ്പോര്‍ട്ടില്‍ മൊഴിനല്കിയവരുടെ പേരുകളും ആര്‍ക്കെതിരായാണ് മൊഴിനല്‍കിയത് എന്നതും വ്യക്തമാക്കിയിട്ടുമുണ്ടെന്നതാണ് സൂചന. ഈ സാഹചര്യത്തില്‍ അതൊക്കെ പരിശോധിച്ച് അന്വേഷണസംഘത്തിന് വീണ്ടും പരാതിക്കാരില്‍നിന്ന് മൊഴിയെടുക്കേണ്ടിവരും. അതിനുശേഷമാകും കേസ് രജിസ്റ്റര്ചെയ്യണോയെന്ന് തീരുമാനിക്കുക.
