പാരാലിമ്പിക്സ്; ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം,നേടിയത് ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍

പാരീസ്: പാരീസ് പാരാലിമ്പിക്സില്‍ ആറാം സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആറാം സ്വര്‍ണം നേടിയത്. 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ റെക്കോഡാണിത്.

ഇതോടെ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

ടോക്യോ പാരാലിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍. ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീണിന് സ്വന്തമായി.

Leave a Reply

Your email address will not be published. Required fields are marked *