കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കാറോടിച്ച അജ്മലിന് കൂടെയുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയെ ആശുപത്രിയില്‍നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍നിന്നാണ് പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാലാണ് നടപടിയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പൊലീസും നല്‍കുന്ന വിവരം. ഇക്കാര്യം വൈദ്യപരിശോധന ഫലം വന്നാല്‍ മാത്രമേ വ്യക്തമാകൂ. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടാക്കിയതെന്നും സൂചനയുണ്ട്. അജ്മല്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ക്രൂര സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ല പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
ഇന്നലെ വൈകുന്നേരം 5.45ഓടെയുണ്ടായ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്രീക്കുട്ടിയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലായത്. ഒളിവില്‍ പോയ വെളുത്തമണല്‍ സ്വദേശി അജ്മലിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്.