കൊച്ചി: സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ബോബി ഗ്രൂപ് ഉടമ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമര്‍ശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമര്‍ശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് കേസെടുത്തത്.
ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് തനിക്കെതിരേ ഒരാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.

