‘മനസിന് ഇപ്പോള്‍ സമാധാനം, തലയില്‍ നിന്ന് വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നുന്നു’ : ബോബി ചെമ്മണ്ണൂറിന്റെ കസ്റ്റഡിയില്‍ പ്രതികരിച്ച് ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. നടി ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി ഞാന്‍ നിന്ന ഒരു വേദിയില്‍ വച്ച് മോശമായ പല പരാമര്‍ശങ്ങളും നടത്തിയത്. അത് കഴിഞ്ഞ് നിര്‍ത്താന്‍ പറഞ്ഞിട്ടും ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ തുടങ്ങി. ഇത് എന്നെ ഒരാള്‍ വെല്ലുവിളിക്കുന്ന അവസ്ഥയിലായിപ്പോയി.

ഭയങ്കരമായ സന്തോഷമുണ്ട്. സന്തോഷത്തിനപ്പുറം എന്റെ തലയില്‍ നിന്ന് വലിയ ഭാരം ഒഴിഞ്ഞതുപോലെയാണ് തോന്നുന്നത്. പരാതി നല്‍കിയത് മുതല്‍ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് അവസരം കിട്ടി. അപ്പോള്‍ ഞാന്‍ എനിക്കും കുടുംബത്തിനുമുണ്ടായ വിഷമങ്ങള്‍ പറഞ്ഞു. നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഡി.ജി.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചിരുന്നു. വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാമെന്ന ഉറപ്പ് അവരെല്ലാം തന്നിരുന്നു. ഇത്രവേഗം നടപടിയെടുത്തത് കാര്യക്ഷമമായ സംവിധാനം ഇവിടെയുള്ളതുകൊണ്ടാണ്.’

‘ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ കമന്റ് സെക്ഷനില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഇത് ഇങ്ങനെ തന്നെ മുന്നോട്ടും ഉണ്ടാകണം. അങ്ങനെയാകുമോ എന്ന് അറിയില്ല. പക്ഷേ അതിനുള്ള പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്.’ ഹണി റോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *