ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നാല് മരണം

തൊടുപുഴ: ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. 30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനില്‍ക്കുകയായിരുന്നു ബസ്.

34 യാത്രക്കാരും മൂന്ന് ജീവനക്കാരും ബസിലുണ്ടായിരുന്നു. മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി (40), രമ മോഹന്‍ (51), സംഗീത് (45), ബിന്ദു നാരായണന്‍ (59) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു.

ഇവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *