തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഡാലോചനയുള്ളതായി പോലിസ്. കേസിലെ രണ്ടാം പ്രതിയായ അജാസ്, മരിച്ച ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ചയാണ് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന് കാണി-ഷീജ ദമ്പതികളുടെ മകള്‍ ഇന്ദുജ (25)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഭര്‍ത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്വേര്ഡ് ഉള്‍പ്പെടെ അജാസിന് അറിയാമായിരുന്നുവെന്ന് പോലിസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഇന്ദുജ അവസാനം വിളിച്ചത് അജാസിനെയായിരുന്നു. അതിനാല്‍, അജാസിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലിസ് നീക്കം.

