ബംഗളൂരു: കര്‍ണാടകയില്‍ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്ധന് ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.
വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹര്‍ഷ് ബര്‍ധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
കര്‍ണാടക പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രൊബേഷണറി ഡി.എസ്.പിയായി ചുമതലയേറ്റെടുക്കാന്‍ ഹോലേനരസിപുറിലേക്കുള്ള യാത്രയിലായിരുന്നു ഹര്‍ഷ്.
മധ്യപ്രദേശിലെ സിംഗ്രോളിയിലുള്ള ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്ധന്. 25 വയസ്സായിരുന്നു. ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്

