ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. അവാമി ഇത്തിഹാദ് പാര്‍ട്ടി എം.എല്‍.എ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പിന്നാലെസംഘര്‍ഷം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ബാനറിനെതിരെ രംഗത്തെത്തി. തുടര്‍ന്ന്, പ്രമേയം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതേത്തുടര്‍ന്ന് 15 മിനിറ്റോളം സഭ നിര്‍ത്തിവെച്ചു. രാജ്യവിരുദ്ധമാണ് പ്രമേയമെന്നും പാക് അജണ്ടയാണെന്നും ബി.ജെ.പി ആരോപിച്ചു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്പീക്കര്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

