തിരുവനന്തപുരം: നടന് സിദ്ദിഖിനെ പിടികൂടാത്തതില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ടെന്ന്, ‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്, അതിജീവിതര്‍ക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പറയുന്നു.
പീഡന പരാതിയില്‍ കഴിഞ്ഞദിവസം മൂന്ന് പ്രമുഖ നടന്മാര്ക്കെതിരെ നടപടികളുണ്ടായി. നടനും എംഎല്‍എയുമായ മുകേഷിനെയും നടനും അഭിനേതാക്കളുടെ സംഘടനാഭാരവാഹിയുമായ ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത് വിട്ടയച്ചു. കോടതികള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുകൊണ്ടാണ് ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചത്. അതേസമയം മറ്റൊരു നടന് സിദ്ദിഖിന് ജാമ്യം നിഷേധിച്ചെങ്കിലും ഇതെഴുതുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമനടപടികള്‍ ശക്തമാകുകയും അന്വേഷണ സംഘം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസം?ഗം അവസാനിക്കുന്നത്.
