എറണാകുളം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂര്‍ണമായും നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ജയസൂര്യ പ്രതികരിച്ചു. ജയസൂര്യയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.
തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണം നിഷേധിക്കുന്നതായും താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം അവരുമായി യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
രണ്ട് വ്യാജ ആരോപണങ്ങളാണ് തനിക്കെതിരേ വന്നിരിക്കുന്നത്. താനാണ് എന്ന രീതിയില്‍ സൂചന കൊടുത്തു കൊണ്ട് ഒരു സ്ത്രീ പലയിടങ്ങളില്‍ സംസാരിച്ചു. പിന്നീട് താനല്ലെന്ന് അവര്‍ പലയിടത്തും മാറ്റിപ്പറഞ്ഞതായും കണ്ടു. നടിയുടെ പരാതി വ്യാജമാണെന്നും ജയസൂര്യ പറഞ്ഞു.
2008-ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടന്‍ ജയസൂര്യയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
നടിയുടെ പരാതി സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

