എഡിജിപിയെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് വേണ്ടത്.; കെ.ഇ. ഇസ്മായില്‍

പാലക്കാട്: ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തിന് ഔചിത്യമില്ലെന്ന് സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായില്‍. ഇത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ അടക്കമുള്ള കക്ഷികളും ആവശ്യപ്പെടുന്ന കാര്യമാണ്. സി.പി.എമ്മിനകത്തെ ഒരുവിഭാഗത്തിന്റെ അഭിപ്രായവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുള്ള അന്വേഷണമാണ് വേണ്ടത്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം അദ്ദേഹം കുറ്റക്കാരനല്ലെങ്കില്‍ തിരികെ കൊണ്ടുവരുന്നതിനും വിരോധമില്ല. അജിത് കുമാറിനെ മാറ്റിനിര്‍ത്താത്തത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ തന്നെയാണെന്ന് ഇസ്മായില്‍ പറഞ്ഞു.

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് ആര്‍.എസ്.എസിന്റെ ഭരണഘടനയില്‍ പറയുന്ന മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. കമ്യൂണിസ്റ്റ് സര്‍ക്കാറിലെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളെ കാണുന്നതില്‍ ഒരു ഗൗരവവുമില്ല എന്നത് അത്ഭുതകരമായിട്ടാണ് എനിക്ക് തോന്നിയതെന്നും ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *