കൊച്ചി: നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി. അജിത്ത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അടവാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. അജിത്ത് കുമാര്‍ എന്നത് ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള ഒരു പാലമാണെന്നും അദ്ദേഹം വഴിയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
‘അജിത്ത് കുമാറിനെതിരെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ ആണ് അന്വേഷണം നടക്കുന്നുന്നത്. അതില്‍ ഒന്നാമത്തേത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതും വീട് നിര്‍മാണവുമാണ്. പിന്നെയുള്ളത് പൂരം കലക്കലാണ്. ഇതെല്ലാം നിലവില്‍ ഉള്ളപ്പോഴാണ് ഡി.ജി.പിയായി പ്രമോട്ട് ചെയ്യാനുള്ള ഈ ലിസ്റ്റ് വരുന്നത്. ഇത് പൂര്‍ണമായും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനായി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്,’ മുരളീധരന്‍ പറഞ്ഞു.
സ്ഥാനക്കയറ്റം ലഭിച്ചാല്‍ അജിത്ത് കുമാറിന് വിജിലന്‍സ് കേസുകളില്‍ നിന്നടക്കം രക്ഷിക്കാനാവുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് ഇനി കോടതിയില്‍ നിന്ന് മാത്രമെ ഈ വിഷയത്തില്‍ നീതി കിട്ടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
