തൃശൂര്‍: പൂരം കലക്കല്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. നിയമസഭയില്‍ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറയുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂരം കലങ്ങി എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. സഭയില്‍ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാല്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രത്യക്ഷ സമരത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും മുരളീധരന് പറഞ്ഞു.
പൂരം കലങ്ങിയതാണെന്ന് എഫ്ഐആര്‍ വ്യക്തമാക്കുന്നുണ്ട്. 36 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ചടങ്ങില്‍ തടസം ഉണ്ടായി. വെടിക്കെട്ട് മാത്രം അല്പം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരന് ചോദിച്ചു. മൂന്ന് മണി മുതല്‍ ഏഴ് മണിവരെ പൂരം നിര്‍ത്തിവെച്ചത് പോലെയാണ്. സത്യം പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാന്‍ കഴിയുന്നത്. ഇത് അപകടം പിടിച്ച കളിയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രി. കേരളത്തില്‍ ബിജെപിയെ വളര്‍ത്താനുള്ള പരിപാടിയാണ് നടക്കുന്നതെന്നും മുരളീധരന് പറഞ്ഞു.

