കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രന്. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചത്.
ദേശീയ പ്രസിഡന്റ് ജെപി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രന് അറിയിച്ചിരിക്കയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രന് ആവശ്യപ്പെട്ടിരിക്കുന്നത്.
വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു.
എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമര്‍ശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

