തൃശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തൃശൂര്‍ ബിഷപ്പ് ഹൗസിലെത്തി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നും കെ സുരേന്ദ്രന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ബിഷപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ച് ഇരുവരും മധുരം പങ്കിട്ടു. 20 മിനിറ്റോളം ചര്‍ച്ച നടത്തുകയും ചെയ്തു. യാത്രയുടെ ഭാഗമായി തൃശൂര്‍ കോര്പറേഷന് മേയര്‍ എം.കെ. വര്‍ഗീസുമായും സുരേന്ദ്രന് കൂടിക്കാഴ്ച നടത്തി. വര്‍ഗീസിന്റെ മണ്ണുത്തിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ നാലു വര്‍ഷമായുള്ള പതിവാണ്. ക്രിസ്മസ് പരസ്പരം മനസിലാക്കലിന്റെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പാലക്കാട് കുട്ടികളുടെ ക്രിസ്മസ് ആഘോഷം വി.എച്ച്.പി തടഞ്ഞതിന്റേയും പുല്‍ക്കൂട് തകര്‍ത്തതിന്റേയും വിവാദങ്ങള്‍ക്കിടെയാണ് സുരേന്ദ്രന്റെ സന്ദര്‍ശനമെന്നത് ഏറെ ശ്രദ്ധേയമാണ്.
