ആലപ്പുഴ: കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണു കേസ്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച്ചയില്ലെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവില്‍ നടപടിയെടുക്കാത്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാറുമായി ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം.

