കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്. ഇക്കാര്യം അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കോള്‍ റെക്കോര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. യാത്രയയപ്പിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ വന്നിട്ടുണ്ട്. എന്നാല്‍ യാത്രയയപ്പ് ചടങ്ങിന് ശേഷം ദിവ്യയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന് നല്കിയ സ്റ്റേറ്റ്മെന്റില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിനു കീഴിലായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീവിനോ സ്ഥലമാറ്റത്തിനോ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതെല്ലാം സര്‍ക്കാര്‍ തീരുമാനമാണെന്നും ആ തീരുമാനത്തിന് അനുസരിച്ച് നീങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി.
നവീന്‍ ബാബുവിന് അവധി നല്‍കിയിരുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണവും കലക്ടര്‍ തള്ളി. എഡിഎം നവീന്‍ ബാബുവും താനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവധി സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ല. അത് ഇവിടെ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

