വിഭാഗീയത ;കരുനാഗപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

കൊല്ലം: വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. നടപടിയുടെ ഭാഗമായി നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക.

കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല.

വിഭാഗീയതയെ തുടര്‍ന്ന് ‘സേവ് സി.പി.എം’ എന്ന പ്ലക്കാര്‍ഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *