കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖം മാഞ്ഞു. നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.
1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. സംഗീത, നാടക രംഗത്ത് നിന്നും സിനിമാ മേഖലയിലെത്തി അമ്മ വേഷങ്ങളില്‍ ശ്രദ്ധേയയായി.
നന്ദനം, കിരീടം, ചെങ്കോല്‍, വാത്സല്യം, തേന്മാവിന്‍ കൊമ്പത്ത്, സന്ദേശം, ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ബാബകല്യാണി, കാക്കകുയില്‍ വടക്കുംനാഥന്‍, തനിയാവര്‍ത്തനം തുടങ്ങി നാനൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. 12ാം വയസില്‍ സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ നാടകത്തില്‍ പാടാനായി ക്ഷണിച്ചതാണ് കലാരംഗത്തേക്കുള്ള വഴിത്തിരിവായത്. കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തില്‍ പാടി, നായികയെ കിട്ടാതെ വന്നപ്പോള്‍ തോപ്പില്‍ ഭാസിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 14 ാം വയസില്‍ ഇതേ നാടകത്തിലെ നായികയായി.
എം.ടി.വാസുദേവന്‍ നായര്‍, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെയെല്ലാം അമ്മയായി വെള്ളിത്തിരയിലെത്തി.
പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരുടെ ഏഴ് മക്കളില്‍ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്.സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്.