ആസ്താന: കഴിഞ്ഞ ദിവസം കസാഖിസ്താനില്‍ തകര്‍ന്നുവീണ വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നിലിവിളികള്‍ ഉയരുന്ന അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്ന യാത്രക്കാരെയും അലമുറയിടുന്നവരെയുമൊക്കെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന് തൊട്ടുമുമ്പുള്ള ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍ അങ്ങനെതന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
അസര്‍ബൈജാനില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കസാഖിസ്ഥാനിലെ അക്തൂവില്‍ തകര്‍ന്നു വീണ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 38 പേരാണ് മരിച്ചത്. വിമാനം അതിവേഗം താഴേക്ക് പതിക്കുമ്പോള്‍ ഒരു യാത്രക്കാരന്‍ പ്രാര്‍ത്ഥിക്കുന്നത് കാണാം. മഞ്ഞ നിറത്തിലുള്ള ഓക്‌സിജന്‍ മാസ്‌കുകള്‍ സീറ്റുകള്‍ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നു. യാത്രക്കാര്‍ വലിയ ശബ്ദത്തില്‍ അലമുറയിടുന്നു. ഇതിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള വാണിങ് ലൈറ്റും ശബ്ദവും കേള്‍ക്കുന്നുമുണ്ട്.
അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലേക്ക് പോയ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കസാഖിസ്ഥാനിലെ അക്തു വിമാനത്താവളത്തില്‍ അയിന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
