കൊച്ചി: കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍. അഞ്ചല്‍ സ്വദേശികളും മുന്‍ സൈനികരുമായ ദിബില്‍ കുമാര്‍ കണ്ണൂര്‍ സ്വദേശിയായ രാജേഷ് എന്നിവരാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍ നിന്ന് സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കൊച്ചി സി.ജെ.എം കോടതിയില്‍ ഹാജരാക്കി.
2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിയും അവിവാഹിതയുമായ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിബില്‍കുമാറിനും രാജേഷിനും കൊലപാതകത്തില്‍ പങ്കുള്ള കാര്യം വ്യക്തമായത്. യുവതിയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
ഇരുവര്‍ക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. മറ്റൊരു വിലാസത്തിലും വ്യാജപേരുകളിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇരുവരും വിവാഹിതരായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇരുവരും.
സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ജനുവരി 18 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

