കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ്‍ കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ.) നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു. നാലാം പ്രതി ഷംസുദ്ദീനെ(28) തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.
2016 ജൂണ്‍ 15-ന് കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്കു സമീപത്തായിരുന്നു ബോംബ് സ്ഫോടനം.ജൂണ്‍ 15-ന് രാവിലെ പത്തുമണിയോടെ കളക്ടറേറ്റിനുള്ളില്‍ കാര്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിനു സമീപമാണ് ബോംബ് സ്ഥാപിച്ചത്. 10.45-ന് ബോംബ് പൊട്ടിത്തെറിച്ചു. ഇതിലെ ചീള് തെറിച്ച് മുന്‍സിഫ് കോടതി വരാന്തയില്‍ നിന്ന കുണ്ടറ സ്വദേശി നീരൊഴുക്കില്‍ സാബുവിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.

