മുഖ്യമന്ത്രി വിളിച്ചപ്പോള്‍ കാര്യം പറഞ്ഞിരുന്നു ;ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല; കോവൂര്‍ കുഞ്ഞുമോന്‍

തിരുവനന്തപുരം: എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് മാറുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായുള്ള ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ടോ തോമസ് കെ തോമസുമായിട്ടോ ഇങ്ങനെയൊരു വിഷയം സംസാരിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് അങ്ങനെ ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. ആന്റണി രാജുവുമായിട്ട് ഇങ്ങനെയൊരു സംഭവമേ സംസാരിച്ചിട്ടില്ല. ഒരു പണത്തിന്റെ ഇടപാടും സംസാരിച്ചിട്ടില്ല. തോമസ് കെ തോമസുമായിട്ടും സംസാരിച്ചിട്ടില്ല. ഞങ്ങളെല്ലാം സുഹൃത്തുക്കളാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചിരുന്നു. കൊട്ടാരക്കരയില്‍ വെച്ച് കാണാമെന്ന് പറഞ്ഞു. കൊട്ടാക്കര റസ്റ്റ്ഹൗസില്‍ ഞാനും സിഎമ്മും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും പറഞ്ഞു. വല്ല പ്രശ്നവുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. ഞാന്‍ അങ്ങനെയൊന്നിന്റെ ഭാഗമായിട്ട് പോകുന്നയാളല്ലെന്നും പറഞ്ഞുവെന്ന് കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി

അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *