കണ്ണൂര്‍: കണ്ണൂര്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ല പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബിനാമി കമ്പനിയാണ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും, ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമി ഇടപാട് രേഖകളുമായാണ് ഷമ്മാസ് വാര്‍ത്താസമ്മളനത്തിനെത്തിയത്.
ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കണ്ണൂര്‍ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തു.
