അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പ്, കൂടെ നില്‍ക്കില്ല;കെ ടി ജലീല്‍

മലപ്പുറം: പി വി അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നും കെ ടി ജലീല്‍ എംഎല്‍എ.പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരിയില്‍ വിളിച്ച് വാര്‍ത്താസമ്മേളനത്തിലായിരുന്നു ജലീലിന്റെ പരാമര്‍ശം.

അന്‍വര്‍ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. എന്നാല്‍ അതിന് മുമ്പ് കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ജലീല്‍ പറഞ്ഞു.

അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നില്‍ക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വര്‍ഗീയ താത്പര്യമുള്ളവര്‍ എല്ലാ കാലത്തും പൊലീസിലുണ്ട്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തെ ആക്രമിച്ചാല്‍ മതനിരപേക്ഷതയെ ദുര്‍ബലമാക്കും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ലെന്നും ജലീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *