മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ല

തിരുവനന്തപുരം: മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. മദ്രസകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിരുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡുകളോ, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അധ്യാപകരോ ഇല്ല.ആകെയുള്ളത് മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി മാത്രമാണ്. ഇതും പ്രതിമാസം അവരില്‍ നിന്ന് പിരിക്കുന്ന തുകയില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനാണ് ഉപയോഗിക്കുന്നത്. മദ്രസാ അധ്യാപര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. ക്ഷേമനിധിയില്‍ മദ്രസ മാനേജ്‌മെന്റും മദ്രസയിലെ അധ്യാപകരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സര്‍ക്കാര്‍ ട്രഷറിയിലാണ്. ഇതിന്റെ പലിശ പോലും മതവിരുദ്ധമായതിനാല്‍ ക്ഷേമനിധിയിലേക്ക് വാങ്ങാറുമില്ല.

രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്നതായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ മദ്രസകള്‍ നിര്‍ത്തണമെന്നും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്‍കുന്ന ഫണ്ടിങ്ങുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *