പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് മരണം. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 40-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികള്‍ വിലയിരുത്തി.