ബെംഗളൂരു: ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരേ ആക്രമണം. കസവനഹള്ളിയില്‍ ചൂഢസാന്ദ്രയില്‍ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ബുധനാഴ്ച നഗരത്തില്‍ കാറില്‍ സഞ്ചരിക്കവെ നടുറോഡില്‍ ആക്രമിക്കപ്പെട്ടത്. കാറിന്റെ ചില്ലു തകര്‍ത്തുള്ള കല്ലേറില്‍ പിന്‍സീറ്റിലിരുന്ന അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരപ്പന അഗ്രഹാര പോലീസ് കേസെടുത്തു.
അനൂപും കുടുംബവും ബുധനാഴ്ച രാത്രി നഗരത്തിലിറങ്ങിയശേഷം മടങ്ങുന്നതിനിടെ വീടിന്റെ രണ്ടു കിലോമീറ്റര്‍ അകലെനിന്നായിരുന്നു സംഭവം. ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ചൂഡസാന്ദ്രയിലെത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ മറികടന്നെത്തി മുന്‍പിലുണ്ടായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി. ഈ കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. അപകടസാധ്യതയുള്ളതിനാല്‍ ഗ്ലാസ് താഴ്ത്താനോ പുറത്തേക്കിറങ്ങാനോ തയ്യാറായില്ല. ഇടതുവശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാല്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിന്‍വശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു. ഗ്ലാസിന്റെ കഷണങ്ങളും കല്ലും കൂടി പിന്‍സീറ്റിലിരുന്ന മകന്‍ സ്റ്റീവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരിഭ്രമിച്ചു പോയ അനൂപും ഭാര്യയും കാറില്‍ നിന്നിറങ്ങിയപ്പോള്‍ അക്രമികള്‍ ബൈക്കെടുത്ത് പോയി.
ഗ്ലാസ് കഷണങ്ങള്‍ തലയിലും ദേഹത്തും തറച്ചാണ് കുഞ്ഞിന് പരിക്കേറ്റത്. കസവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്റ്റീവിന് തലയില്‍ മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്.
ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമത്തെയാളെയും അന്വേഷിച്ചു വരുകയാണ്.

