ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയും പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും വലിയ തിരിച്ചടികളാണ് കോണ്‍ഗ്രസ് നേരിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇന്‍ഡ്യ സഖ്യത്തിലെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
സംസ്ഥാനഘടകങ്ങളില്‍ ബൂത്തുതലംവരെ ആവശ്യമായ അഴിച്ചുപണി നടത്താന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. സംഘടനയുടെ ബലഹീനതകളും പോരായ്മകളും തിരുത്താന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് ഖാര്‍ഗെ അഭിപ്രായപ്പെട്ടിരുന്നു.

