ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഉറപ്പായും നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏഴ് ഉറപ്പുകളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. 500 രൂപക്ക് പാചക വാതക സിലിണ്ടര്‍ ലഭ്യമാക്കും. സ്ത്രീകളുടെ സാമൂഹ്യ സുരക്ഷയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.വാര്‍ധക്യ, വികലാംഗ, വിധവ പെന്ഷന് 6000 രൂപയാക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 25ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
അധികാരത്തിലെത്തിയാല്‍ രണ്ട് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരന്റി ഉറപ്പാക്കുമെന്നാണ് കര്‍ഷകര്‍ക്കുള്ള കോണ്‍ഗ്രസിന്റെ ഉറപ്പ്. വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഉടനടി ലഭ്യമാക്കും. ദരിദ്ര ജനവിഭാഗത്തിന് 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് നിര്‍മിച്ചു നല്‍കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.