മാമി തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറേയും ഭാര്യയേയും കാണാനില്ലെന്ന് പരാതി. ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജില്‍ നിന്നും പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ലെന്നുമാണ് പരാതി.

മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

2023 ഓഗസ്റ്റ് 21നാണ് റിയല്‍എസ്റ്റേറ്റ് വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *