ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു – ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
പൊലീസും ആന്റി നക്സല്‍ ഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. മാവോവാദികള്‍ സീതാംബിലുവിലുണ്ടെന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആന്റി നക്സല്‍ ഫോഴ്സ് പ്രദേശത്ത് എത്തിയത്. അവിടെ നടത്തിയ തിരച്ചിലില്‍ വിക്രം ഗൗഡയെയും സംഘത്തെയും കണ്ടെത്തി. വിക്രം ഗൗഡ ഒഴികെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്
കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

