തൃശ്ശൂര്‍: ന്യൂ ഇയര്‍ ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. ഷാഫിയോട് ന്യൂഇയര്‍ ആശംസ പറയാത്തതാണ് അക്രമിക്കാന്‍ കാരണം.
അര്‍ധരാത്രി സുഹൈബ് ബൈക്കില്‍ പോകുമ്പോള്‍ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പില്‍ ഇരുന്നിരുന്നു. ഷുഹൈബ് ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഷാഫി അടക്കമുള്ളവരുടെ അടുത്ത് വാഹനം നിര്‍ത്തി എല്ലാവരോടും ‘ഹാപ്പി ന്യൂ ഇയര്‍’ പറഞ്ഞു. എന്നാല്‍, ഷാഫിയോട് മാത്രം പറഞ്ഞില്ലെന്നാരോപിച്ച് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ഷുഹൈബിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.

