ആറാട്ടുപുഴ: ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍ ബീന ദമ്പതികളുടെ ഏക മകന്‍ വിഷ്ണുവാണ്(34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം.
ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചുവെന്നുമാണ് ആരോപണം. മര്‍ദ്ദിച്ച് കൊന്നതാണെന്ന് വിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ആറാട്ടുപുഴ തറയില്‍ കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ ഒന്നര കൊല്ലമായി പിണങ്ങി കഴിയുകയാണ്. നാല് വയസുള്ള മകനുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകന്‍ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പം ആയിരിക്കും. വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന മകനെ തിരികെ ഏല്‍പ്പിക്കാനാണ് തറയില്‍ കടവിലെ ഭാര്യവീട്ടില്‍ വിഷ്ണു എത്തിയത്. തുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അടിപിടി കലാശിക്കുകയുമായിരുന്നു.
വിഷ്ണു ഹൃദ്രോഗിയാണ്. നിലവില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്. നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

